07:53pm 27 June 2026
NEWS
കൊല്ലാം.. പക്ഷേ തോൽപ്പിക്കാനാകില്ല! അമേരിക്കൻ മണ്ണിലെത്തി ആർക്ക് മുന്നിലും പരാജയപ്പെടാതെ ഇറാൻ; യുദ്ധത്തിലും ഫുട്ബോളിലും ഇവർ വേറെ ലെവലാണ്...
27/06/2026  03:14 PM IST
nila
കൊല്ലാം.. പക്ഷേ തോൽപ്പിക്കാനാകില്ല! അമേരിക്കൻ മണ്ണിലെത്തി ആർക്ക് മുന്നിലും പരാജയപ്പെടാതെ ഇറാൻ; യുദ്ധത്തിലും ഫുട്ബോളിലും ഇവർ വേറെ ലെവലാണ്...

 


ഇറാൻ ലോകത്തിന് മുന്നിൽ എന്നുമൊരു അത്ഭുതമാണ്. ഇറാനികളുടെ പോരാട്ടവീര്യം തന്നെയാണ് എങ്ങും ചർച്ചകളിൽ നിറയുന്നത്. ലോകപൊലീസ് എന്ന് പുകൾപെറ്റ അമേരിക്കയും രഹസ്യപൊലീസുകളുടെ തലതൊട്ടപ്പന്മാരായ മൊസാദിന്റെ ഇസ്രയേലും സംയുക്തമായി ആക്രമിച്ചിട്ടും പരാജയപ്പെടുത്താൻ കഴിയാത്ത പോരാട്ടവീര്യം. യുദ്ധത്തിലെ അതേ പോരാട്ടവീര്യമാണ് ഇറാൻ ലോകകപ്പ് മത്സരങ്ങളിലും കാഴ്ച്ചവെക്കുന്നത്. ​ഗ്രൂപ്പിൽ കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയം അറിയാൻ ഇറാൻ തയ്യാറായില്ല. ഒടുവിൽ ഈജിപ്റ്റിനോടുള്ള  ആവേശപ്പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ വിജയഗോൾ വി.എ.ആർ റദ്ദാക്കിയതോടെ ഈജിപ്‌തിനോടും 1-1 ന് സമനില വഴങ്ങേണ്ടി വന്നു. അപ്പോഴും ഇറാൻ പരാജയം എന്തെന്ന് അറിഞ്ഞില്ല. 

നോക്കൗട്ട് റൗണ്ടിൽ കടക്കാൻ മറ്റ് ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരുടെ ഫലത്തിനായി കാത്തിരിക്കുമ്പോഴും പരാജയം അറിയാത്ത, അല്ലെങ്കിൽ പരാജയപ്പെടാൻ ഇഷ്ടപ്പെടാത്ത ഇറാൻ ഫുട്ബോൾ ടീമിന് ലോകമെമ്പാടും ആരാധകർ ഏറുകയാണ്.

ലോകകപ്പ് 2026ൽ പരാജയം അറിയാത്ത ഇറാൻ

ഫിഫ ലോകകപ്പ് 2026 ൽ ​ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിൽ പോലും ഇറാൻ പരാജയം എന്തെന്ന് അറിഞ്ഞില്ല. ശക്തരായ എതിരാളികൾക്കൊപ്പം പൊരുതി നിന്ന ഇറാൻ മൂന്നു കളികളിലും സമനില നേടി. ​ഗ്രൂപ്പ് ജിയിൽ ബെൽജിയം, ഈജിപ്റ്റ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായാണ് ഇറാൻ ഏറ്റുമുട്ടിയത്. ന്യൂസിലൻഡുമായുള്ള ആദ്യ മത്സരത്തിൽ ഇരു ടീമുകളും രണ്ടു ​ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 

പിന്നീട് ബെൽജിയവുമായാണ് ഇറാനികൾ ഏറ്റുമുട്ടിയത്. ശക്തമായ പോരാട്ടത്തിൽ ഇറാൻ ഒരു ​ഗോൾ പോലും വഴങ്ങിയില്ല. ഇറാനികൾ ഒരു ​ഗോൾ എങ്കിലും നേടാൻ ബെൽജിയം അനുവദിച്ചുമല്ല. അങ്ങനെ ആ മത്സരം ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മൂന്നാമതായി ഈജിപ്റ്റിനോടാണ് ഇറാൻ ഏറ്റുമുട്ടിയത്. അതിശക്തമായ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഇറാൻ വിജയിച്ചു എന്ന് എല്ലാവരും കരുതി. എന്നാൽ, ഇഞ്ചുറി ടൈമിൽ നേടിയ വിജയഗോൾ വി.എ.ആർ റദ്ദാക്കുകയായിരുന്നു.  ഒടുവിൽ ഇറാന് നാടകീയ സമനില. നോക്കൗട്ടിൽ പ്രവേശിക്കുമോ എന്നറിയാൻ ഇറാൻ ഇനി മറ്റു ​ഗ്രൂപ്പ് മത്സരങ്ങളുടെ അന്തിമ വിധിവരെ കാത്തിരിക്കുകയും വേണം.

അതേസമയം, ഗ്രൂപ്പ് ജിയിലെ ആവേശകരമായ മൽസരത്തിൽ ഇറാനെ സമനിലയിൽ തളച്ച ഈജിപ്‌ത് ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിൽ കടന്നു. സിയാറ്റിലിൽ നടന്ന മൽസരത്തിൽ സൂപ്പർ താരം മൊഹമ്മദ് സലായുടെ മികവിൽ മിന്നൽ നീക്കങ്ങൾ നടത്തിയ ഈജിപ്‌ത് കളിയുടെ അഞ്ചാം മിനുട്ടിൽത്തന്നെ ലീഡ് നേടി. പക്ഷേ ഗോളടിച്ചത് മഹമൗദ് സബീറായിരുന്നു. ഇറാനിയൻ ഗോളി അലിറേസാ ബെയ്‌രൻവാണ്ടിൻറെ കാലുകൾക്കിടയിലൂടെ പന്ത് വലയിലേക്ക്.

ഇറാനിയൻ പെനാൽറ്റി ബോക്സിനകത്ത് മുൻ ലിവർപൂൾ താരം മൊഹമ്മദ് സലാ നടത്തിയ ഒന്നാന്തരം നീക്കങ്ങൾക്കിടയിൽ പതിനാലാം മിനുട്ടിൽ ഇറാൻ സമനില പിടിച്ചു. റാമിൻ റസായിയാനായിരുന്നു ഇറാൻറെ സമനില ഗോൾ കണ്ടെത്തിയത്.കളിയുടെ 57 ആം മിനുട്ടിൽ ഇടതു കാലിനേറ്റ പരിക്കിനെത്തുടർന്ന് മുഹമ്മദ് സലായെ കോച്ച് തിരികെ വിളിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നും നോക്കൗട്ട് മൽസരത്തുിൽ സല ഈജിപ്ഷ്യൻ നിരയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് ഹൊസം ഹസ്സൻ പറഞ്ഞു.

കളിതീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ സ്റ്റോപ്പേജ് ടൈമിൽ ഇറാൻ ഗോൾ നേടിയെന്ന് ഉറപ്പിച്ചതായിരുന്നു. 93 ആം മിനുട്ടിൽ ഇറാൻ താരം ഷോജാ ഖലീൽസാദെ തൊടുത്ത ഒരു മിന്നൽ ഷോട്ട് ഈജിപ്ഷ്യൻ ഗോളിയേയും മറികടന്ന് വലയിൽ പതിച്ചു. ഗോളെന്ന് ഉറപ്പിച്ച ഇറാൻ താരങ്ങൾ നോക്കൗട്ട് ഉറപ്പിച്ച് നിൽക്കേ വീഡിയോ റിവ്യൂയിൽ അത് ഓഫ് സൈഡാണെന്ന് വിധിച്ചു.അതോടെ നോക്കൗട്ട് പ്രവേശനത്തിന് കാത്തിരിക്കാനായി ഇറാൻറെ വിധി.

പരാജയപ്പെടാതെ അമേരിക്കൻ മണ്ണിൽ

ഇക്കുറി ഇറാന്റെ ലോകകപ്പ് മത്സരങ്ങൾക്കെല്ലാം മറ്റൊരു പ്രത്യേകതയുമുണ്ട്. ഇതുവരെ പരാജയം അറിയാതെ കളിച്ച മൂന്നു മത്സരങ്ങളും അമേരിക്കയിലായിരുന്നു. ന്യൂസിലൻഡിനും ബെൽജിയത്തിനും എതിരായ മത്സങ്ങൾ കാലിഫോർണിയയിലായിരുന്നു. ഈജിപ്റ്റിനെതിരായ മത്സരം വാഷിങ്ടണിലും. തങ്ങളുടെ സംസ്കാരവും രാജ്യവും ജനതയെ അപ്പാടെയും ഈ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാൻ വെമ്പൽ കൊള്ളുന്ന ഡൊണാൾഡ് ട്രംപിന്റെ രാജ്യത്ത് ഒരു കളിയിൽ പോലും പരാജയപ്പെടാൻ ഇറാനികളുടെ പോരാട്ടവീര്യം അനുവദിച്ചില്ല എന്നതാണ് സത്യം. 

നോക്കൗട്ടിൽ ഇറാൻ പ്രവേശിച്ചാലും ഇല്ലെങ്കിലും ഇതുവരെയുള്ള മത്സരങ്ങളിൽ ഇറാൻ തന്നെയാണ് ചാംമ്പ്യൻമാർ എന്ന് പറയേണ്ടി വരും. തങ്ങളുടെ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ശത്രുവിന്റെ മണ്ണിലെത്തി കൊല്ലാം, പക്ഷേ ‍ഞങ്ങളെ തോൽപ്പിക്കാനാകില്ല എന്ന പ്രഖ്യാപനമാണ് ഇറാന്റെ ദേശീയ ഫുട്ബോൾ ടീം നടത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img